Zygo-Ad

എല്ലാ പോലീസുകാർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി: എ.ഡി.ജി.പി പി. വിജയന്റെ നിർദ്ദേശം


തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദവും കണക്കിലെടുത്ത് എല്ലാ പോലീസുകാർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകാൻ ഉത്തരവ്. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (എസ്.എച്ച്.ഒ) ഉൾപ്പെടെയുള്ള മുഴുവൻ സേനാംഗങ്ങൾക്കും ആഴ്ചയിലൊരിക്കൽ അവധി ഉറപ്പാക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

അടിയന്തര സേവനങ്ങളുടെ സ്വഭാവം പരിഗണിച്ച് എല്ലാവർക്കും കൃത്യമായി അവധി ലഭിക്കുന്നുണ്ടെന്ന് പോലീസ് മേധാവികൾ ഉറപ്പുവരുത്തണം. പോലീസുകാരുടെ ഓരോ ആഴ്ചയിലെയും അവധി ദിനം മുൻകൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. അത്യന്താപേക്ഷിതമായ അടിയന്തര സാഹചര്യങ്ങളിലൊഴികെ യാതൊരു കാരണവശാലും ഈ അവധി നിഷേധിക്കാൻ പാടില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

പോലീസ് ഉദ്യോഗസ്ഥർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനും സാഹചര്യം ഒരുക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. കുടുംബപരമായ പ്രധാന അവസരങ്ങളിൽ ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കണമെന്നും എ.ഡി.ജി.പിയുടെ നിർദ്ദേശത്തിലുണ്ട്. ഏറെ നാളത്തെ ആവശ്യമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് പോലീസ് സേനാംഗങ്ങൾ ഈ പുതിയ സർക്കുലറിനെ സ്വാഗതം ചെയ്യുന്നത്.



വളരെ പുതിയ വളരെ പഴയ