സംസ്ഥാനത്ത് സ്മാർട്ട് പിഡിഎസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തുടർച്ചയായി ആറുമാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകൾ അസാധുവാക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഇത്തരം കാർഡുകളെ 'സൈലന്റ് റേഷൻ കാർഡുകൾ' (Silent Ration Cards) ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യും.
എല്ലാ മാസവും 21-നാണ് ഇത്തരം കാർഡുകൾ കണ്ടെത്തുക. അടുത്ത മാസം ഒന്നു മുതൽ ഇവയിൽ നിന്നുള്ള റേഷൻ വിഹിതം തടയും. ഇങ്ങനെ ഡീആക്ടിവേറ്റ് ചെയ്യപ്പെടുന്ന കാർഡുകളിലെ എല്ലാ അംഗങ്ങളും മൂന്ന് മാസത്തിനകം ഇ-കെവൈസി (eKYC) പൂർത്തിയാക്കിയാൽ മാത്രമേ കാർഡുകൾ വീണ്ടും സജീവമാക്കൂ. നിശ്ചിത സമയപരിധിക്കുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത കാർഡുകൾ പൂർണ്ണമായും അസാധുവാക്കി ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും.
കൂടാതെ, ആധാർ പരിശോധനയിൽ ഒന്നിലധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഗുണഭോക്താക്കളുടെ വിവരങ്ങളും ഡീആക്ടിവേറ്റ് ചെയ്യും. ഇവർ മൂന്ന് മാസത്തിനകം ഇ-കെവൈസി പൂർത്തിയാക്കി നിലനിർത്തേണ്ട കാർഡ് തിരഞ്ഞെടുക്കുകയും മറ്റുള്ളവയിൽ നിന്ന് പേര് ഒഴിവാക്കുകയും വേണം. അല്ലാത്തപക്ഷം ഇവരുടെ വിവരങ്ങളും ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
