കണ്ണൂർ: സ്വകാര്യ ബസ് ജീവനക്കാരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി). യാത്രക്കാരോട് മോശമായി പെരുമാറൽ, അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ്, തുടർച്ചയായ റോഡ് നിയമലംഘനങ്ങൾ എന്നിവ സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്.
പി.സി.സി ഇല്ലാത്ത ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന ബസ് ഉടമകൾക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കും. നിയമലംഘനം നടത്തുന്ന വാഹന ഉടമകളിൽ നിന്ന് 7,500 രൂപ വരെ പിഴ ഈടാക്കുന്നതിനൊപ്പം ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ മിന്നൽ പരിശോധനകളിൽ ഭൂരിഭാഗം സ്വകാര്യ ബസ് ജീവനക്കാരുടെ കൈവശവും പി.സി.സിയില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പരിശോധനകൾ കൂടുതൽ ശക്തമാക്കാൻ വകുപ്പ് തീരുമാനിച്ചത്. നിയമലംഘനം നടത്തിയ നിരവധി ജീവനക്കാരുടെ ലൈസൻസുകൾ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.