കൊച്ചി: മുത്തശ്ശിയെ സംരക്ഷിക്കാനും ജീവനാംശം നൽകാനും പേരക്കുട്ടിയോട് ആവശ്യപ്പെടാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. വൃദ്ധയായ മുത്തശ്ശി സമർപ്പിച്ച ജീവനാംശ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം.
മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരം (Maintenance and Welfare of Parents and Senior Citizens Act) ജീവനാംശം നൽകാൻ മക്കൾക്കോ നേരിട്ടുള്ള അവകാശികൾക്കോ മാത്രമാണ് നിയമപരമായ ബാധ്യതയുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. പേരക്കുട്ടികൾക്ക് ഈ നിയമപ്രകാരം നേരിട്ട് സംരക്ഷണച്ചുമതല നിർബന്ധമാക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.
മക്കളിൽ നിന്ന് ജീവനാംശം ഈടാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മുത്തശ്ശി പേരക്കുട്ടിയിൽ നിന്ന് സഹായം തേടി കോടതിയെ സമീപിച്ചത്. നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി ചൂണ്ടിക്കാട്ടിയാണ് ജീവനാംശ ഹരജി കോടതി തള്ളിയത്.