Zygo-Ad

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്: നാളെ ബാങ്ക് പണിമുടക്ക്; തുടർന്നു വരുന്ന അവധികൾ ഉൾപ്പെടെ മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ന്യൂഡൽഹി: ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ രാജ്യത്തെ ബാങ്ക് ജീവനക്കാർ നാളെ സമരം നടത്തും. നാളത്തെ പണിമുടക്കിന് ശേഷം ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധികൾ കൂടി വരുന്നതോടെ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായക ചതുർഥി അവധിയുള്ളതിനാൽ അവിടങ്ങളിൽ നാല് ദിവസം സേവനങ്ങൾ ലഭിക്കില്ല.

സെപ്റ്റംബർ 28, 29, 30 തീയതികളിൽ രണ്ടാംഘട്ട പണിമുടക്കും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്ന ജീവനക്കാരുടെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് സമരം.

2024 മാർച്ചിൽ തന്നെ ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഐ.ബി.എ (IBA) ഈ ആവശ്യം അംഗീകരിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാർ ഇതിൽ അന്തിമ തീരുമാനമെടുത്തിരുന്നില്ല. ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എൻ.സി.ബി.ഇ ഉൾപ്പെടെ ഏഴ് പ്രമുഖ ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യു.എഫ്.ബി.യു (UFBU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ലേബർ കമ്മീഷണറുമായുള്ള അടുത്ത യോഗം ഒക്ടോബർ 15-ന് നടക്കും.



വളരെ പുതിയ വളരെ പഴയ