Zygo-Ad

സംസ്ഥാനത്ത് മഴയിൽ 25 ശതമാനം കുറവ്; വയനാട്ടിലും ഇടുക്കിയിലും കടുത്ത കുറവ്

തിരുവനന്തപുരം: നടപ്പു കാലവർഷത്തിൽ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയുടെ അളവിൽ 25 ശതമാനം കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ. ജൂൺ 1 മുതൽ സെപ്റ്റംബർ 9 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്.

ഈ കാലയളവിൽ സാധാരണയായി ലഭിക്കേണ്ട 1837.1 മില്ലീമീറ്റർ മഴയ്ക്ക് പകരം 1372.4 മില്ലീമീറ്റർ മഴ മാത്രമാണ് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത്. മഴ ലഭ്യതയിൽ ഏറ്റവും കൂടുതൽ കുറവ് രേഖപ്പെടുത്തിയത് മലയോര ജില്ലകളിലാണ്. വയനാട് ജില്ലയിൽ 52 ശതമാനവും ഇടുക്കിയിൽ 46 ശതമാനവും മഴ കുറഞ്ഞു.

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ലഭിക്കേണ്ട മഴയിൽ വൻ കുറവുണ്ടായതാണ് സംസ്ഥാനത്ത് മൊത്തത്തിൽ മഴയുടെ തോത് കുറയാൻ ഇടയാക്കിയത്. വരും ദിവസങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായി തുടർന്നാൽ സംസ്ഥാനത്ത് കുടിവെള്ള, ഊർജ്ജ പ്രതിസന്ധി രൂക്ഷമാകാൻ സാധ്യതയുണ്ട്.



വളരെ പുതിയ വളരെ പഴയ