Zygo-Ad

സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ കോടതിയിൽ; മാനനഷ്ടക്കേസ് ഫയൽ ചെയ്തു


 എറണാകുളം: സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ കോടതിയെ സമീപിച്ചു. എറണാകുളം മുൻസിഫ് കോടതിയിലാണ് നടി ഹർജി ഫയൽ ചെയ്തത്. സനൽ കുമാർ ശശിധരൻ തനിക്കെതിരെ നിരന്തരം അപമാനകരമായ പ്രതികരണങ്ങൾ നടത്തുകയാണെന്നും, സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഇത്തരം കുറിപ്പുകൾ അടിയന്തരമായി പിൻവലിക്കാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന ആരോപണവുമായി സനൽ കുമാർ ശശിധരൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ, ഈ വിഷയം അന്വേഷിക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹം സമരം നടത്തുന്നത്.

താൻ ഉന്നയിച്ച ഗൗരവകരമായ വിഷയങ്ങളിൽ സർക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തരമായി ഇടപെടാത്തതിനാലാണ് ഇത്തരമൊരു സമരത്തിലേക്ക് കടന്നതെന്നാണ് സനൽ കുമാർ ശശിധരന്റെ വിശദീകരണം. തനിക്കെതിരെ മഞ്ജു വാര്യരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.



വളരെ പുതിയ വളരെ പഴയ