തിരുവനന്തപുരം: രാജ്യത്തെ ദേശീയപാതകളിലെ ടോൾ പിരിവ് സംവിധാനം പൂർണ്ണമായും തടസ്സരഹിതമാക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം ഏപ്രിൽ മുതൽ ക്യാമറയും ഹൈസ്പീഡ് ഫാസ്റ്റാഗ് റീഡറുകളും ഉപയോഗിച്ചുള്ള ടോൾ ശേഖരണം നടപ്പിലാക്കും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വാഹനങ്ങൾ ടോൾ പ്ലാസകളിൽ നിർത്തിയിടേണ്ടി വരില്ല.
വാഹനങ്ങൾ മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചാലും ഫാസ്റ്റാഗ് റീഡറുകൾക്ക് ടാഗ് കൃത്യമായി കണ്ടെത്താൻ സാധിക്കും. ഫാസ്റ്റാഗ് സ്കാൻ ചെയ്യുന്നതോടെ ഡിജിറ്റൽ അക്കൗണ്ടിൽ നിന്ന് തുക സ്വയം കുറയും. ഫാസ്റ്റാഗ് റീഡ് ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഹൈസ്പീഡ് ക്യാമറകൾ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞ് ഉടമയുടെ ഡാറ്റാബേസിൽ നിന്ന് തുക ഈടാക്കും. ഫാസ്റ്റാഗിൽ ആവശ്യത്തിന് ബാലൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ തുകയ്ക്ക് പുറമെ പിഴയും ഈടാക്കും.
കേരളത്തിലെ ദേശീയപാത 66-ലെ 11 ടോൾ ബൂത്തുകളാണ് ഏപ്രിൽ മാസത്തോടെ തടസ്സരഹിത സംവിധാനത്തിലേക്ക് മാറുന്നത്. ടോൾ പ്ലാസകൾ പൂർണ്ണമായി പൊളിച്ചുമാറ്റാതെ നിലവിലുള്ള ബാരിയറുകൾ ഒഴിവാക്കിയാണ് ക്യാമറകളും റീഡറുകളും സ്ഥാപിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി വിജയിച്ചതിനെ തുടർന്നാണ് രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ രാജ്യത്തെ പകുതിയിലധികം ടോൾ പ്ലാസകളിലും ഇത് നടപ്പിലാക്കാൻ ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നു. പുതിയ സംവിധാനം യാത്രാസമയവും ഇന്ധനവും ലാഭിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സഹായിക്കും.
