Zygo-Ad

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി ഐ.എൻ.സി.ഒ.ഐ.എസ്


കണ്ണൂർ: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (ഐ.എൻ.സി.ഒ.ഐ.എസ്) മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് 2.30 വരെ 0.7 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ, കാസർഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിലാണ് മുന്നറിയിപ്പ് നിലവിലുള്ളത്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പുലർത്തേണ്ട പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:

അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണം.

തിരമാലകൾ ശക്തമാകുന്ന ഘട്ടത്തിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും പൂർണ്ണമായും ഒഴിവാക്കണം.

മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായി നിരോധിച്ചു.

മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുകയും വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിക്കാതിരിക്കാൻ ആവശ്യമായ അകലം പാലിക്കുകയും വേണം.

തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ