തിരുവനന്തപുരം: ഇൻഡിഗോ വിമാനക്കമ്പനിയുടെ പേരിൽ വ്യാജ ടിക്കറ്റുകൾ നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കൈതമുക്കിലെ ട്രാവൽ ഏജൻസി മുഖേന ബഹ്റൈനിലേക്ക് പോകാനായി ടിക്കറ്റെടുത്ത തിരുവനന്തപുരം കള്ളിക്കാട് സ്വദേശി സുരേഷിനാണ് 54,000 രൂപ നഷ്ടമായത്.
സുരേഷും കൂടെയുണ്ടായിരുന്ന രണ്ടുപേരും ഉൾപ്പെടെ മൂന്ന് പേരാണ് തട്ടിപ്പിനിരയായത്. യാത്രയ്ക്കായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തി അകത്തുകയറിയ ശേഷം ബോർഡിംഗ് നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കുമ്പോഴാണ് ടിക്കറ്റുകൾ വ്യാജമാണെന്നും തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും സംഘം തിരിച്ചറിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് കൈതമുക്കിലെ ട്രാവൽ ഏജൻസിക്കെതിരെ സുരേഷ് നെയ്യാർ ഡാം പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
