കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ കോഴിക്കോട് സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്ന് (സെപ്റ്റംബർ 13, ഞായർ) വൈകിട്ട് 5 മണി മുതൽ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം-മടവൂർ വരെയുമുള്ള പ്രധാന പാതകളിൽ വൈകിട്ട് 5 മണി മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരും. വി.വി.ഐ.പി (VVIP) വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് ഈ റൂട്ടുകളിൽ ഗതാഗതം പൂർണ്ണമായും തടയുമെന്നും മലാപ്പറമ്പ് - മടവൂർ റോഡുകളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.
പൊലീസ് നിർദ്ദേശിച്ച ബദൽ റൂട്ടുകൾ:
* വയനാട് ഭാഗത്തുനിന്ന് വരുന്നവ: താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പ്രവേശിക്കണം.
* കൊടുവള്ളി ഭാഗത്തുനിന്ന് വരുന്നവ: പടനിലം - കളരിക്കണ്ടി - വരട്ട്യാക്ക് - പെരിങ്ങളം വഴി തിരിഞ്ഞു പോകണം.
* മുക്കം ഭാഗത്തുനിന്ന് വരുന്നവ: ചെത്തുകടവ് - പെരിങ്ങളം വഴി സഞ്ചരിക്കണം.
* കണ്ണൂർ ഭാഗത്തുനിന്ന് വരുന്നവ: എലത്തൂർ - പാവങ്ങാട് - നടക്കാവ് വഴി നഗരത്തിലേക്ക് പ്രവേശിക്കാം.
* യൂണിവേഴ്സിറ്റി ഭാഗത്തുനിന്ന് വരുന്നവ: ഇടിമൂഴിക്കൽ - രാമനാട്ടുകര - ഫറോക്ക് - ചെറുവണ്ണൂർ വഴി സഞ്ചരിക്കുക.
* സിറ്റിയിൽ നിന്ന് കുന്നമംഗലം ഭാഗത്തേക്ക് പോകുന്നവ: മെഡിക്കൽ കോളേജ് - മുണ്ടിക്കൽ താഴം - കോട്ടാംപറമ്പ് - മനത്താനത്ത് റോഡ് വഴി യാത്ര ചെയ്യണം.
* മലാപ്പറമ്പ് ഭാഗത്തുനിന്ന് കുന്നമംഗലം ഭാഗത്തേക്ക് പോകുന്നവ: പൂളക്കടവ് - ഇരിങ്ങാടൻ പള്ളി - മുണ്ടിക്കൽ താഴം - കോട്ടാംപറമ്പ് - മനത്താനത്ത് റോഡ് ഉപയോഗിക്കുക.
കരിപ്പൂർ വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർ യാത്ര തടസ്സങ്ങൾ ഒഴിവാക്കാൻ നേരത്തെ പുറപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.
