കോഴിക്കോട്: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട്ട് എ.കെ.ജി ഓഡിറ്റോറിയത്തിൽ തുടക്കമായി. രാവിലെ 10 മണിക്ക് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരുത്തൽ മാർഗ്ഗരേഖയും സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. സാധാരണ മേൽഘടകങ്ങൾ തയാറാക്കുന്ന റിപ്പോർട്ട് താഴേക്ക് നൽകുന്നതിന് പകരം, ബ്രാഞ്ച് തലം മുതൽ പ്രവർത്തകരുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
തുറന്ന ചർച്ച ഉറപ്പാക്കുന്നതിനായി സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ചർച്ചകളിൽ നിന്ന് മാറ്റിനിർത്തി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെയും പോഷക സംഘടനാ പ്രതിനിധികളെയും മാത്രമാണ് ചർച്ചകളിൽ പങ്കെടുപ്പിക്കുന്നത്. നേതാക്കളുടെ വീഴ്ചകളെക്കുറിച്ചും പാർട്ടി തിരുത്തേണ്ട കാര്യങ്ങളെക്കുറിച്ചും ചർച്ചയിൽ പ്രതിനിധികൾ അഭിപ്രായം രേഖപ്പെടുത്തും.
ദേശീയ, സംസ്ഥാന തലത്തിൽ നിന്നുള്ള 307-ലേറെ പ്രതിനിധികളും ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങളും മൂന്ന് ദിവസത്തെ യോഗ നടപടികളിൽ പങ്കാളികളാകും. സെപ്റ്റംബർ 15-ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ബഹുജന റാലിയോടെയും പൊതുസമ്മേളനത്തോടെയും സംസ്ഥാന കമ്മിറ്റി യോഗം അവസാനിക്കും.
