കോട്ടയം: വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത സിനിമ-ടിവി താരം കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. കോട്ടയം മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ (എംഎസിടി) കോടതിയുടേതാണ് ഉത്തരവ്. ഇൻഷുറൻസ് കമ്പനിയാണ് സുധിയുടെ ആശ്രിതരായ ഭാര്യ, രണ്ടു മക്കൾ, അമ്മ എന്നിവർക്ക് തുക കൈമാറേണ്ടത്.
കോടതി കണക്കാക്കിയ 1.41 കോടി രൂപ നഷ്ടപരിഹാര തുകയും കോടതിച്ചെലവുകളും പലിശയും അടക്കമാണ് ആകെ 1.77 കോടി രൂപ അനുവദിച്ചത്.
2023 ജൂണിൽ തൃശ്ശൂർ കയ്പമംഗലത്ത് വെച്ച് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. സുധി സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
