തിരുവനന്തപുരം: ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഡ്രങ്ക് ആൻഡ് ഡ്രൈവ് കേസുകളിൽ ജാമ്യവ്യവസ്ഥകൾ കടുപ്പിക്കുന്നതിനും വാഹനം കണ്ടുകെട്ടുന്നതിനും മുന്നോടിയായി ഗതാഗതവകുപ്പ് നിയമോപദേശം തേടി. ആഭ്യന്തര വകുപ്പുമായി ചർച്ച ചെയ്തശേഷമായിരിക്കും ഇതിൽ അന്തിമ തീരുമാനമെടുക്കുക. നിലവിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. അപകടമരണങ്ങളോ ഗുരുതര പരിക്കുകളോ ഉണ്ടാകുമ്പോൾ മാത്രമാണ് നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നത്.
റോഡിലെ നിയമലംഘനങ്ങൾ തടയുന്നതിനായി 'കേരള റോഡ് സുരക്ഷാ മിഷൻ' ഉടൻ പ്രവർത്തനമാരംഭിക്കും. ഗതാഗതമന്ത്രി വൈസ് ചെയർമാനും ആഭ്യന്തര, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാമൂഹികനീതി മന്ത്രിമാർ അംഗങ്ങളുമായ ഉന്നതതലസമിതി ഇതിനായി രൂപീകരിച്ചു. ഈ മിഷന്റെ പ്രവർത്തനം ഉടൻ തന്നെ പഞ്ചായത്തുതലം വരെ വ്യാപിപ്പിക്കും. ബോധവൽക്കരണവും കർശന നിയമനടപടികളും ഒരുപോലെ ഉറപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി റോഡ് സുരക്ഷാപാഠങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിലും ഉൾപ്പെടുത്തും.
