Zygo-Ad

വാൽപ്പാറയിൽ അഞ്ചുവയസ്സുകാരന് നേരെ പുലിയുടെ ആക്രമണം; കുട്ടിക്ക് ഗുരുതര പരിക്ക്


വാൽപ്പാറ: വീടിന് മുന്നിലിരുന്ന് കളിക്കുകയായിരുന്ന അഞ്ചുവയസ്സുകാരനെ പുലി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റ് പരിസരത്ത് വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

സ്കൂൾ വിട്ടുവന്ന് വീടിന്റെ വാതിൽക്കൽ അമ്മയോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ, തേയിലത്തോട്ടത്തിൽ പതുങ്ങിയിരുന്ന പുലി പൊടുന്നനെ ചാടിവീണ് ആക്രമിക്കുകയായിരുന്നു. അമ്മ നിലവിളിച്ചിട്ടും പിന്മാറാതിരുന്ന പുലി കുട്ടിയുടെ തലയിൽ കടിച്ചെടുത്ത് മൂന്ന് മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി. തുടർന്ന് ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി ഒച്ചവെച്ചതോടെയാണ് പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് കടന്നുകളഞ്ഞത്.

ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ഒരു വർഷം മുൻപ് ഇതേ എസ്റ്റേറ്റിൽ വെച്ച് ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ കുട്ടിയെ പുലി കടിച്ചുകൊന്നിരുന്നു. അതിനുശേഷവും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമാകാത്തതിനെ തുടർന്ന് പ്രദേശവാസികൾ വലിയ രീതിയിലുള്ള പ്രതിഷേധത്തിലാണ്.



വളരെ പുതിയ വളരെ പഴയ