മലപ്പുറം: മലപ്പുറം തിരുവാലിയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വാൾഫാൻ കട്ടിലിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവാലി കൊളക്കാട്ടിരിയിലെ ഫാമിലെ തൊഴിലാളികളായ എറണാകുളം കാലടി സ്വദേശി പന്നികശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് പൊള്ളലേറ്റ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 4.15-ഓടെയായിരുന്നു അപകടം. കുട്ടിയെ വീടിനുള്ളിൽ ഉറക്കിക്കിടത്തിയ ശേഷം മാതാപിതാക്കൾ സമീപത്തെ ഫാമിൽ ജോലിക്ക് പോയ സമയത്താണ് ദുരന്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ചുമരിൽ ഘടിപ്പിച്ചിരുന്ന വാൾഫാന് തീപിടിക്കുകയും, അത് ഉരുകി കുഞ്ഞ് കിടന്നിരുന്ന കിടക്കയിലേക്ക് വീഴുകയുമായിരുന്നു. ഇതോടെ കിടക്കയ്ക്കും കുഞ്ഞിനെ കിടത്തിയിരുന്ന ബേബി ബെഡിനും തീപിടിച്ചു.
വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് മാതാപിതാക്കളും നാട്ടുകാരും ഓടിയെത്തിയപ്പോഴാണ് ഫാൻ ഉരുകിവീണ വിവരം അറിയുന്നത്. ഉടൻ തന്നെ കുഞ്ഞിനെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
