Zygo-Ad

അടിമുടി മാറാനൊരുങ്ങി കെ എസ് ആർ ടി സി: സ്പോൺസർഷിപ്പിലൂടെ പുതിയ ബസുകൾ നിരത്തിലിറങ്ങും; 10 വർഷത്തേക്ക് പരസ്യത്തിനും അനുമതി


തിരുവനന്തപുരം: പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയിൽ സ്പോൺസർഷിപ്പ് പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. സർക്കാറിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനും പഴയ ബസുകൾക്ക് പകരം പുതിയവ നിരത്തിലിറക്കുന്നതിനുമായി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കെ.എസ്.ആർ.ടി.സിക്ക് ബസുകൾ സ്പോൺസർ ചെയ്യാം.

തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്കും സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ബസുകൾ വാങ്ങി നൽകാം. 9 മുതൽ 15 മീറ്റർ വരെ നീളമുള്ള എ.സി പ്രീമിയം ബസുകൾ, എ.സി സീറ്റർ, എ.സി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ വാഹനങ്ങളാണ് പദ്ധതിപ്രകാരം സ്വീകരിക്കുന്നത്. ബസുകൾ നേരിട്ട് വാങ്ങി നൽകുകയോ തുക കോർപറേഷന് കൈമാറുകയോ ചെയ്യാം.

സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന ബസുകൾ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറുടെ പേരിലായിരിക്കും രജിസ്റ്റർ ചെയ്യുന്നത്. ബസുകളുടെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, റൂട്ട് ക്രമീകരണം, ജീവനക്കാരുടെ നിയമനം തുടങ്ങിയ കാര്യങ്ങളിലെല്ലാം പൂർണ അധികാരം കോർപറേഷനായിരിക്കും.

ബസ് സ്പോൺസർ ചെയ്യുന്നവർക്ക് 10 വർഷത്തേക്ക് വാഹനത്തിൽ പരസ്യം നൽകാൻ അവസരമുണ്ട്. വാഹനത്തിന്റെ പുറംഭാഗത്ത് 60 ശതമാനം വരെയും ഉള്ളിൽ 30 ശതമാനം സ്ഥലത്തും പരസ്യങ്ങൾ നൽകാം. കൂടാതെ 'സ്പോൺസേർഡ് ബൈ' എന്നും രേഖപ്പെടുത്താം. എന്നാൽ മതപരമോ രാഷ്ട്രീയമോ നിയമവിരുദ്ധമോ ആയ പരസ്യങ്ങൾക്ക് അനുമതിയുണ്ടാകില്ല. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.ആർ.ടി.സിയുടെ മാർക്കറ്റിങ് പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ