തളിപ്പറമ്പ്: പ്രണയവിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ കാസർഗോഡ് ഒളവറ സ്വദേശി ഫസൽ മുഹമ്മദിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. പന്നിയൂർ പള്ളിവയൽ സ്വദേശികളായ ബത്താലി മുബാറക് (37), സഹോദരൻ ബി. അബ്ദുള്ള (44), പി. ഇബ്രാഹിം എന്ന ഉമ്പായി (44) എന്നിവരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. എൻ. പ്രശാന്ത് കുറ്റക്കാരായി കണ്ടെത്തിയത്. കേസിൽ ബുധനാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കും.
പന്നിയൂർ സ്വദേശിനി ഷാഹിനയെ ഫസൽ മുഹമ്മദ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. പ്രതികളായ മുബാറക്കിന്റെയും അബ്ദുള്ളയുടെയും സഹോദരിയാണ് ഷാഹിന. 2019 ജനുവരി 20-നായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യാമ്പലം ബീച്ചിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികളെ പ്രതികൾ പിന്തുടരുകയും ധർമ്മശാലയിൽ വെച്ച് തടഞ്ഞുനിർത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഭാര്യയെ പുഷ്പഗിരിയിലെ പള്ളിയിൽ ഇറക്കി മുന്നോട്ട് പോയ ഫസൽ മുഹമ്മദിനെ റോഡിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
വീണുകിടന്ന ഫസലിന്റെ കൈയിലൂടെ മുബാറക് ബൈക്ക് ഓടിച്ചു കയറ്റുകയും തുടർന്ന് ബലമായി ബൈക്കിൽ കയറ്റി പന്നിയൂരിലെ റബ്ബർ തോട്ടത്തിലെത്തിച്ച് ഇരുമ്പുവടിയും മരവടിയും ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. കാൽമുട്ടിന്റെ ചിരട്ട അടിച്ചുതകർത്ത നിലയിൽ ഗുരുതരമായി പരിക്കേറ്റ ഫസലിനെ പിന്നീട് തിളപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നീണ്ടനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇയാൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. യു. രമേശൻ ഹാജരായി. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളെ കണ്ണൂർ ജില്ലാ ജയിലിലേക്ക് മാറ്റി.
