കണ്ണൂർ: വിപണിയിൽ പാചകവാതക ക്ഷാമം പരിഹരിക്കപ്പെട്ടിട്ടും ഹോട്ടലുകളിൽ കൂട്ടിയ ഭക്ഷണവില കുറയ്ക്കാൻ വ്യാപാരികൾ തയ്യാറാകുന്നില്ലെന്ന് പരാതി. മുൻപ് ഗ്യാസ് ക്ഷാമവും പാചകവാതക വിലവർദ്ധനവും ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാനത്തെ ഭൂരിഭാഗം ഹോട്ടലുകളിലും ഭക്ഷണ സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചത്.
എന്നാൽ നിലവിൽ പാചകവാതക ലഭ്യത സാധാരണ നിലയിലാവുകയും വിതരണം സുഗമമാകുകയും ചെയ്തിട്ടും വർദ്ധിപ്പിച്ച നിരക്കിൽ തന്നെ ഭക്ഷണസാധനങ്ങൾ വിൽക്കുകയാണ്. പച്ചക്കറി, പല വ്യഞ്ജനങ്ങൾ തുടങ്ങിയ മറ്റ് സാധനങ്ങളുടെ ഉയർന്ന വിലയാണ് നിരക്ക് കുറയ്ക്കാൻ തടസ്സമെന്നാണ് ഹോട്ടലുടമകളുടെ വാദം.
അനാവശ്യമായി വരുത്തിയ വിലവർദ്ധനവ് പിൻവലിക്കാൻ ഹോട്ടലുടമകൾ തയ്യാറാകാത്ത പശ്ചാത്തലത്തിൽ, വിഷയത്തിൽ സിവിൽ സപ്ലൈസ് വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും അടിയന്തരമായി ഇടപെടണമെന്നാണ് പൊതുജനങ്ങളുടെയും ഉപഭോക്തൃ സംഘടനകളുടെയും ആവശ്യം.
