തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപനമില്ലാതെ വൈദ്യുതി മുടങ്ങുന്നത് വ്യാപക ജനരോഷത്തിന് കാരണമായതോടെ വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫും കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും രംഗത്തെത്തി. കാലാവസ്ഥാ വ്യതിയാനവും വൈദ്യുതി ഡിമാന്റിലുണ്ടായ വൻ വർദ്ധനവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഇരുവരും വ്യക്തമാക്കി. കടുത്ത ചൂടും മഴക്കുറവും മൂലം ആഭ്യന്തര ഉത്പാദനം കുറഞ്ഞതും ഉപഭോഗം വർദ്ധിച്ചതുമാണ് തിരിച്ചടിയായത്. നിലവിലെ പ്രതിസന്ധി സ്വിച്ചിട്ടതുപോലെ പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്നതല്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്തുണ്ടായ വൈദ്യുതി നിയന്ത്രണം ഈ മാസം 30 വരെ തുടരുമെന്നും ഒക്ടോബർ ഒന്നു മുതൽ കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതോടെ പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെടുമെന്നും കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം അറിയിച്ചു. വൈകുന്നേരം 6:30 മുതൽ രാത്രി 12:30 വരെയുള്ള പീക്ക് സമയങ്ങളിൽ നിയന്ത്രണമുണ്ടാകും. വൈദ്യുതി തടസ്സപ്പെടുന്ന സമയം ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
