Zygo-Ad

മുഹമ്മദ് റിയാസിനെതിരെ ഹവാല ആരോപണം: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡി.ജി.പിക്ക് ഇ.ഡി കത്ത്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് 20.5 കോടി രൂപ അനധികൃതമായി സമ്പാദിക്കുകയും ഇതിലൊരു ഭാഗം ഹവാല മാർഗ്ഗത്തിലൂടെ ദുബായിലേക്ക് കടത്തുകയും ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇത് സംബന്ധിച്ച് അന്വേഷണം നടത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവി റാവഡ എ. ചന്ദ്രശേഖറിന് കത്ത് നൽകി. 25 പേജുള്ള കത്തിൽ 2024-25 കാലയളവിലെ സാമ്പത്തിക ഇടപാടുകൾ, നിർണായക തെളിവുകൾ, മൊഴികൾ എന്നിവ വിശദീകരിക്കുന്നുണ്ട്.

ദുബായിൽ കമ്പനി ആരംഭിക്കുന്നതിനും ബിസിനസ് ആവശ്യങ്ങൾക്കുമായാണ് പണം കടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ഇ.ഡി വ്യക്തമാക്കുന്നു. കൈക്കൂലി ഇനത്തിൽ ലഭിച്ച പണമാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് സംശയം. സംഭവത്തിൽ റിയാസിന്റെ ഭാര്യ ടി. വീണ, ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരീസ്, വി.പി. ഫൈജാസ്, എം. നന്ദുലാൽ എന്നിവർക്ക് പങ്കുണ്ടെന്ന് കത്തിൽ ആരോപിക്കുന്നു. ഇടപാട് നടന്ന കാലയളവിൽ വീണ രണ്ടാഴ്ചയോളം ദുബായിൽ തങ്ങിയിരുന്നതിന്റെ രേഖകളും ഇ.ഡി ഹാജരാക്കിയിട്ടുണ്ട്.

സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിനിടെ നടത്തിയ പരിശോധനകളിലാണ് ഹവാല ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. അതേസമയം, ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു.



വളരെ പുതിയ വളരെ പഴയ