Zygo-Ad

മുതിർന്ന മാധ്യമപ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ജനസംഘം, ബി.ജെ.പി നേതാവുമായിരുന്ന കെ. കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. തിരുവനന്തപുരത്തെ വസതിയിൽ വെച്ച് തലയിടിച്ച് വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച പുലർച്ചെയാണ് അന്തരിച്ചത്. ജന്മഭൂമി പത്രത്തിന്റെ ആരംഭകാലം മുതൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നിലവിൽ ദിനപത്രത്തിന്റെ തിരുവനന്തപുരം റസിഡന്റ് എഡിറ്ററായിരുന്നു.

കണ്ണൂർ ഇരിക്കൂർ കുളിഞ്ഞ ഗ്രാമത്തിൽ ജനിച്ച കെ. കുഞ്ഞിക്കണ്ണൻ ആർ.എസ്.എസ്, ജനസംഘം പ്രവർത്തനങ്ങളിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം യുവമോർച്ചയുടെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. പേരാവൂർ, കണ്ണൂർ നിയോജകമണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ദീർഘകാലമായി ബി.ജെ.പി സംസ്ഥാന സമിതിയംഗം, മീഡിയ കൺവീനർ എന്നീ ചുമതലകളും വഹിച്ചു.

മാധ്യമരംഗത്ത് അഞ്ചു പതിറ്റാണ്ടിലേറെ സജീവമായിരുന്ന അദ്ദേഹം കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കണ്ണൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ, സെൻസർഷിപ്പ് ബോർഡ് അംഗം, ടെലികോം അഡ്വൈസറി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.ജി. മാരാരുടെ ജീവചരിത്രം ഉൾപ്പെടെ നിരവധി സാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകർക്കുള്ള കേരള നിയമസഭയുടെ പുരസ്കാരവും ബി.കെ. ശേഖർ പുരസ്കാരവും നേടിയിട്ടുണ്ട്.

പരേതയായ പ്രേമജയാണ് ഭാര്യ. മക്കൾ: പ്രകുല (ഏഷ്യാനെറ്റ്), മഞ്ഞില. മരുമകൻ: രതീഷ് (മാതൃഭൂമി ന്യൂസ്). സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.



വളരെ പുതിയ വളരെ പഴയ