Zygo-Ad

സംസ്ഥാനത്ത് വയോജനക്ഷേമ വകുപ്പ് പ്രവർത്തനം ആരംഭിക്കുന്നു; തസ്തികകൾ പുനർവിന്യസിച്ച് സർക്കാർ ഉത്തരവ്


തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി പുതുതായി രൂപീകരിച്ച വയോജനക്ഷേമ വകുപ്പിൽ ജീവനക്കാരുടെ തസ്തികകൾ പുനർവിന്യസിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പൊതുഭരണ, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പുകളിൽ നിന്ന് അഡീഷണൽ സെക്രട്ടറി, അണ്ടർ സെക്രട്ടറി, സെക്ഷൻ ഓഫീസർ, അസിസ്റ്റന്റുമാർ, കമ്പ്യൂട്ടർ അസിസ്റ്റന്റുമാർ എന്നീ പ്രധാന തസ്തികകളാണ് പുനർവിന്യസിച്ചത്.

വയോജനക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കും വിവിധ പദ്ധതികൾക്കുമായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വയോജനങ്ങളുടെ ആവശ്യങ്ങൾ, തൊഴിൽ/സംരംഭകത്വ സാധ്യതകൾ എന്നിവ കേന്ദ്രീകരിച്ചുള്ള 'സിൽവർ എക്കണോമി' നടപ്പിലാക്കലാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വയോജന നയങ്ങളുടെ നടത്തിപ്പ്, വയോജന കമ്മീഷൻ, വൃദ്ധസദനങ്ങൾ, കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഭരണനിർവ്വഹണം എന്നിവ വകുപ്പിന്റെ കീഴിൽ വരും.

വയോജനക്ഷേമ പ്രവർത്തനങ്ങൾക്കായി താഴെ പറയുന്ന പ്രധാന തീരുമാനങ്ങളും നടപടികളും അന്തിമഘട്ടത്തിലാണ്:

 * സംസ്ഥാന-ജില്ലാ തല സംവിധാനങ്ങൾ: 14 ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ വയോജന സെല്ലുകൾ, സംസ്ഥാനതല ഡയറക്ടറേറ്റ്, ജില്ലാ ഓഫീസുകൾ, ഗവേണിംഗ് കൗൺസിൽ എന്നിവ രൂപീകരിക്കും.

 * സഹായത്തിന് 24 മണിക്കൂർ ഹെൽപ്പ് ലൈൻ: അടിയന്തര ഘട്ടങ്ങളിൽ നേരിട്ട് സഹായമെത്തിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനും ഫീൽഡ് റെസ്പോൺസ് ഓഫീസർമാർ ഉൾപ്പെടുന്ന റാപ്പിഡ് റെസ്പോൺസ് ടീമും നിലവിൽ വരും.

 * ഡിജിറ്റൽ പോർട്ടലും രജിസ്റ്ററുകളും: സേനങ്ങൾക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കും. എൽഡർ വൾനറബിലിറ്റി രജിസ്റ്റർ, കേരള കെയർ വർക്ക്ഫോഴ്സ് രജിസ്റ്റർ, പ്രൊഡക്ടീവ് ഏജിംഗ് രജിസ്റ്റർ എന്നിവ ഇതിലൂടെ നടപ്പിലാക്കും.

 * തദ്ദേശതല ഇടപെടലുകൾ: എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വയോജന സൗകര്യ ഡെസ്ക്, വയോജന അയൽപക്ക സഹായ ശൃംഖലകൾ (കുടുംബശ്രീ വഴി), ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി, വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ എന്നിവ ആരംഭിക്കും.

കൂടാതെ, വയോജനങ്ങളുടെ സമഗ്ര സ്ഥിതിവിവര സർവേ ഉടൻ ആരംഭിക്കുമെന്നും സംസ്ഥാന സാങ്കേതിക ഉപദേശക സമിതി രൂപീകരിക്കുമെന്നും അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ