കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. സംഭവത്തിൽ പൊന്നാനി സ്വദേശിയായ പിതാവിനെ ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് (DRI) കസ്റ്റഡിയിലെടുത്തു.
റാസൽഖൈമയിൽ നിന്നും കരിപ്പൂരിലെത്തിയ യാത്രക്കാരനെയും കുഞ്ഞിനെയുമാണ് ഡി.ആർ.ഐ. സംഘം വിശദമായി പരിശോധിച്ചത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം കുഞ്ഞിന്റെ ഡയപ്പറിനുള്ളിലും ഇയാളുടെ ശരീരത്തിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു.
പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണിയിൽ ഒരു കോടി രൂപയോളം വില വരുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
