സംസ്ഥാനത്ത് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് മേഘവിസ്ഫോടനമല്ലെന്നും, എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന അതിതീവ്ര മഴയാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ ഗോപാൽ വ്യക്തമാക്കി. ഇത്തരം ശക്തമായ മഴ മണ്ണിടിച്ചിൽ, മിന്നൽ പ്രളയം, കനത്ത കുത്തൊഴുക്ക് എന്നിവയ്ക്ക് വഴിവെക്കും. അഞ്ചോ പത്തോ കിലോമീറ്റർ ചുറ്റളവിൽ മാത്രം കേന്ദ്രീകരിച്ച് പെയ്യുന്ന ഈ മഴ മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്തതിനാൽ വലിയ അപകടങ്ങൾക്ക് സാധ്യത വർധിപ്പിക്കുന്നു.
മേഘവിസ്ഫോടനത്തിന്റെ അളവിൽ മഴ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, ചെറിയ പ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനിടയിൽ വലിയ തോതിൽ മഴ ലഭിക്കുന്ന രീതി കേരളത്തിൽ വർധിച്ചുവരികയാണെന്ന് ഐഎംഡി ചൂണ്ടിക്കാട്ടി. ഉയരുന്ന അന്തരീക്ഷ താപനിലയും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന ന്യൂനമർദ്ദ സാന്നിധ്യവുമാണ് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.
വരും ദിവസങ്ങളിലും സമാന രീതിയിൽ പ്രദേശികമായി പെട്ടെന്ന് ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ പ്രത്യേകിച്ച് മലയോര മേഖലകളിൽ താമസിക്കുന്നവരും പ്രാദേശിക ഭരണകൂടങ്ങളും മലവെള്ളപ്പാച്ചിൽ സാധ്യത മുന്നിൽ കണ്ട് കടുത്ത ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
