തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിനായുള്ള കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (കെ-ടെറ്റ്) സെപ്റ്റംബർ 2026 വിജ്ഞാപനം പരീക്ഷാ ഭവൻ പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ മൂന്ന് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ലോവർ പ്രൈമറി (കാറ്റഗറി 1), അപ്പർ പ്രൈമറി (കാറ്റഗറി 2), ഹൈസ്കൂൾ (കാറ്റഗറി 3), ഭാഷാ-സ്പെഷ്യലിസ്റ്റ്-കായിക അധ്യാപകർ (കാറ്റഗറി 4) എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഓരോ കാറ്റഗറിയിലേക്കുമുള്ള വിദ്യാഭ്യാസ യോഗ്യതകളും നിബന്ധനകളും ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി ഒക്ടോബർ മൂന്നാണ്. പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ നവംബർ നാല് മുതൽ ഡൗൺലോഡ് ചെയ്യാം. കാറ്റഗറി 1, 2 പരീക്ഷകൾ നവംബർ 14-നും കാറ്റഗറി 3, 4 പരീക്ഷകൾ നവംബർ 15-നും നടക്കും. പൊതുവിഭാഗത്തിന് 500 രൂപയും പട്ടികജാതി, പട്ടികവർഗ്ഗ, ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 രൂപയുമാണ് പരീക്ഷാ ഫീസ്.
പൊതുവിഭാഗക്കാർക്ക് പരീക്ഷയിൽ യോഗ്യത നേടാൻ 60 ശതമാനം മാർക്കും (90 മാർക്ക്), സംവരണ വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്കും (82 മാർക്ക്), ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്കും (75 മാർക്ക്) ലഭിക്കണം. താല്പര്യമുള്ളവർക്ക് ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടോ മറ്റ് രേഖകളോ പരീക്ഷാ ഭവനിലേക്ക് തപാലിൽ അയക്കേണ്ടതില്ല.
