ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ വിഷയത്തിൽ വ്യക്തത വരുത്തി പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ). സാധാരണ ഉപഭോക്താക്കൾക്ക് യുപിഐ സേവനം പൂർണ്ണമായും സൗജന്യമായി തന്നെ തുടരുമെന്നും പണം സ്വീകരിക്കുന്നതിന് ചെറുകിട വ്യാപാരികളിൽ നിന്ന് യാതൊരു ചാർജും ഈടാക്കില്ലെന്നും പിസിഐ അറിയിച്ചു. 2016-ൽ ആരംഭിച്ചത് മുതൽ ഉപഭോക്താക്കൾക്ക് യുപിഐ സൗജന്യമാണെന്നും വ്യക്തിഗത ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ നിലവിൽ യാതൊരു നിർദ്ദേശവുമില്ലെന്നും എക്സിലൂടെ പിസിഐ വ്യക്തമാക്കി.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും ഡിജിറ്റൽ പേയ്മെന്റുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുപിഐ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെറുകിട വ്യാപാരികൾ യുപിഐ വഴി പണം സ്വീകരിക്കുന്നതിന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് നൽകേണ്ടതില്ല. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസുകൾക്ക് അധിക സാമ്പത്തിക ബാധ്യതകളില്ലാതെ ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കാൻ യുപിഐ സഹായകരമായിട്ടുണ്ട്. ഇത്തരം ചെറുകിട സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് പ്ലാറ്റ്ഫോമിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും പിസിഐ ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനച്ചെലവും നിലനിൽപ്പും സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ഉപഭോക്താക്കളിൽ നിന്ന് തുക ഈടാക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് പ്രതിമാസം കോടിക്കണക്കിന് ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സംവിധാനത്തിന് ദീർഘകാല പിന്തുണ ഉറപ്പാക്കുന്നതിനെക്കുറിച്ചാണ് ചർച്ചകൾ നടക്കുന്നതെന്ന് പിസിഐ കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ റിയൽ ടൈം പേയ്മെന്റ് സിസ്റ്റമായി യുപിഐ മാറിയതോടെ സാങ്കേതിക നവീകരണം, സൈബർ സുരക്ഷ, തട്ടിപ്പുകൾ തടയൽ, പ്രവർത്തനക്ഷമത ഉറപ്പാക്കൽ എന്നിവയ്ക്കുള്ള ആവശ്യകത വർധിച്ചിട്ടുണ്ട്. ഇടപാടുകളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കളെയും ചെറുകിട വ്യാപാരികളെയും ബാധിക്കാത്ത രീതിയിൽ ഈ സാങ്കേതിക സൗകര്യങ്ങൾ എങ്ങനെ നിലനിർത്താമെന്നാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ബാങ്കുകൾ, പേയ്മെന്റ് കമ്പനികൾ, ഫിൻടെക് സ്ഥാപനങ്ങൾ, എൻപിസിഐ, റിസർവ് ബാങ്ക് എന്നിവ ചേർന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി യുപിഐ ഇക്കോസിസ്റ്റം നിർമിക്കുന്നതിനും നിലനിർത്തുന്നതിനുമായി വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കൗൺസിൽ വ്യക്തമാക്കി.
