കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത ചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി തിങ്കളാഴ്ച മുതൽ മൂന്ന് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം.
സെപ്റ്റംബർ 14 തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും സെപ്റ്റംബർ 15 ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 16 ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത.
അതിനിടെ കേരള തീരത്തും കന്യാകുമാരി തീരത്തും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്ത് 0.5 മുതൽ 1.2 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 1.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ ഉണ്ടായേക്കാം.
മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടാനും ചെറിയ വള്ളങ്ങൾ കടലിൽ ഇറക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്.
