ന്യൂഡൽഹി: കുറഞ്ഞ ചെലവിൽ ദീർഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തെഹ്‌രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷന്റെ (THDC) വൻ വാഗ്ദാനം കേരളം നിരസിച്ചതായി റിപ്പോർട്ട്. കേരളം കൈവിട്ട 184.08 മെഗാവാട്ട് വൈദ്യുതിയുടെ ദീർഘകാല കരാർ തൊട്ടുപിന്നാലെ ഗുജറാത്ത് സർക്കാർ സ്വന്തമാക്കി.
ഉത്തരാഖണ്ഡിലെ തെഹ്‌രി പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിൽ നിന്നുള്ള വൈദ്യുതി യൂണിറ്റിന് ഏകദേശം 6 രൂപ നിരക്കിൽ ലഭ്യമാക്കാമെന്ന് കാണിച്ച് 2025 ജനുവരിയിലാണ് ടി.എച്ച്.ഡി.സി കേരളത്തെ സമീപിക്കുന്നത്. വൈദ്യുതിക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പീക്ക് സമയങ്ങളിൽ ലഭിക്കുമായിരുന്ന ഈ പദ്ധതിയോട് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും താല്പര്യം കാണിച്ചെങ്കിലും കെ.എസ്.ഇ.ബി (KSEB) അധികൃതർ മുഖം തിരിക്കുകയായിരുന്നു.
ഭാവിയിൽ സോളാർ വൈദ്യുതിയുടെ നിരക്ക് കുറയുന്നതിനനുസരിച്ച് കേരളത്തിന് കൂടുതൽ സാമ്പത്തിക ലാഭം ഉണ്ടാകുമായിരുന്ന കരാറാണ് ഇതോടെ നഷ്ടമായത്. കേരളം പിന്മാറിയതോടെ ഗുജറാത്ത് സർക്കാരിന് കീഴിലെ ഗുജറാത്ത് ഊർജ്ജ വികാസ് നിഗം ലിമിറ്റഡ് (GUVNL) തുക നൽകി കരാർ സ്വന്തമാക്കുകയായിരുന്നു. വൈദ്യുതി ക്ഷാമവും നിരക്ക് വർദ്ധനവും സംബന്ധിച്ച ചർച്ചകൾ സംസ്ഥാനത്ത് സജീവമായി നിൽക്കെയാണ് കെ.എസ്.ഇ.ബിയുടെ ഈ വീഴ്ച പുറത്തുവരുന്നത്.
