ന്യൂഡൽഹി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കിടെ 2014-ലെ ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അപേക്ഷയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
കരാർ റദ്ദാക്കിയത് മൂലം സംസ്ഥാനത്തിന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്ന് സർക്കാർ അപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഇതുവരെ 12,570 കോടി രൂപയുടെ ഭീമമായ നഷ്ടം സംഭവിച്ചതായും അപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്. 2023 മേയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ 2014-ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ദീർഘകാല കരാറുകൾ റദ്ദാക്കിയത്. ജാബുവ പവർ ലിമിറ്റഡ്, ജിൻഡൽ പവർ ലിമിറ്റഡ്, ജിൻഡൽ തെർമൽ പവർ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുമായി കുറഞ്ഞ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന കരാറുകളാണ് റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയിരുന്നത്.
കരാറുകൾ അന്തിമമാക്കുന്നതിന് മുൻപ് കെ.എസ്.ഇ.ബി മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്നും ലേല നടപടികളിലും ടെൻഡർ വിഭജനത്തിലും സാങ്കേതിക പിഴവുകൾ ഉണ്ടായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്റെ നടപടി. എന്നാൽ കരാർ റദ്ദാക്കിയതോടെ വിപണിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നതും കെ.എസ്.ഇ.ബിയെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് അടിയന്തരമായി പരിഗണിക്കാൻ സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
