തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായി പാണ്ഡ്യാമുക്കിലെ വീടിന് മുന്നിൽ ഏർപ്പെടുത്തിയിരുന്ന 24 മണിക്കൂർ പോലീസ് കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇനി മുതൽ പിണറായി വിജയൻ വീട്ടിലുള്ള സമയങ്ങളിൽ മാത്രമായിരിക്കും പോലീസ് സുരക്ഷ ഏർപ്പെടുത്തുക.
അദ്ദേഹം വീട്ടിലുള്ളപ്പോൾ ഒരു എസ്.ഐയും രണ്ട് പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകും. കണ്ണൂർ എ.ആർ ക്യാമ്പിലെ രണ്ട് എസ്.ഐമാരും ആറ് സിവിൽ പോലീസ് ഓഫീസർമാരുമായിരുന്നു ഷിഫ്റ്റ് അടിസ്ഥാനത്തിൽ മുൻപ് ഇവിടെ കാവൽ നിന്നിരുന്നത്.
നേരത്തെ, വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പ് ഈ മാസം ഒന്നാം തീയതി ആഭ്യന്തര വകുപ്പ് പിൻവലിച്ചിരുന്നു. ജീപ്പ് എടുത്തുമാറ്റിയെങ്കിലും പോലീസ് കാവൽ തുടരുകയായിരുന്നു. പിണറായി വിജയന്റെ വീടിന് മുന്നിൽ പ്രവർത്തിച്ചിരുന്ന മിനി സ്റ്റേഷൻ ജീപ്പ് മാറ്റിയതിനെതിരെ വിമർശനവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കാവൽ പൂർണ്ണമായും ഒഴിവാക്കി പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
