കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ പ്രതിയുടെ ഭാര്യ നാല് ദിവസം മുൻപ് രണ്ട് കോടി രൂപയുടെ സ്വർണവുമായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായിരുന്നു.
പൊന്നാനി സ്വദേശിയായ യുവതി 1.78 കിലോ സ്വർണവുമായാണ് നെടുമ്പാശ്ശേരിയിൽ പിടിയിലായത്. ഭർത്താവാണ് സ്വർണം ഒളിപ്പിച്ച് തന്നെ യാത്രയാക്കിയതെന്ന് യുവതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് (DRI) മൊഴി നൽകിയിരുന്നു.
ഇതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലും നിരീക്ഷണത്തിലുമാണ് ഭർത്താവ് ഒരുകോടി രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ പിടിയിലായത്. റാസൽഖൈമയിൽ നിന്ന് ചൊവ്വാഴ്ച രാത്രി മൂന്ന് മക്കളോടൊപ്പം കരിപ്പൂരിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്. കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലും സ്വർണമിശ്രിതം കണ്ടെത്തുകയായിരുന്നു.
