തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ഭക്ഷണക്രമത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. ഭക്ഷണക്രമത്തിൽ നിന്ന് മട്ടനും മീനും ഒഴിവാക്കിയാൽ പ്രതിവർഷം 10 കോടി രൂപയോളം ലാഭിക്കാൻ സാധിക്കുമെന്ന് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്ത് സമർപ്പിച്ച ശുപാർശയിൽ ചൂണ്ടിക്കാണിക്കുന്നു. മട്ടനും മീനും പൂർണ്ണമായി ഒഴിവാക്കി പകരം കോഴിക്കറി, സോയാ ചങ്ക്സ്, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം.
നിലവിൽ ആഴ്ചയിൽ ഒരു ദിവസം മട്ടനും രണ്ട് ദിവസം മീനും തടവുകാർക്ക് നൽകിവരുന്നുണ്ട്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചയ്ക്ക് 140 ഗ്രാം വീതം മീൻകറിയും ശനിയാഴ്ചകളിൽ 100 ഗ്രാം മട്ടൻ കറിയുമാണ് നൽകുന്നത്. മട്ടൻ വിതരണത്തിനായി പ്രതിവർഷം 5.72 കോടി രൂപയും മത്സ്യത്തിനായി 4.8 കോടി രൂപയുമാണ് ചെലവാകുന്നത്.
മട്ടന് പകരം കോഴിക്കറി നൽകുകയാണെങ്കിൽ ചെലവ് 1.26 കോടി രൂപയായി കുറയും. അതുപോലെ മീനിന് പകരം സോയാ ചങ്ക്സും മുട്ടയും ഉൾപ്പെടുത്തിയാൽ 3.4 കോടി രൂപ മതിയാകും. വിഭവങ്ങളിൽ വരുത്തുന്ന ഈ മാറ്റം സാമ്പത്തിക ലാഭത്തിന് പുറമെ തടവുകാരുടെ ആരോഗ്യപ്രശ്നങ്ങളും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാൻ സഹായിക്കുമെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു.
