കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു വധക്കേസിലെ വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ (ഇൻ ക്യാമറ) നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികൾ ഇതുസംബന്ധിച്ച് ഹർജി നൽകിയത്.
കോടതി പരിസരത്ത് മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും, ചില പൊലീസ് ഉദ്യോഗസ്ഥർ സിവിൽ വസ്ത്രത്തിൽ തങ്ങളെ പിന്തുടരുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഒക്ടോബറിൽ കേസിൽ സാക്ഷി വിസ്താരം ആരംഭിക്കാനിരിക്കെയാണ് പ്രതിഭാഗത്തിന്റെ ഈ പുതിയ നീക്കം.
കേസ് രജിസ്റ്റർ ചെയ്ത് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ നടപടികളിലേക്ക് കടക്കാൻ കോടതി ഉത്തരവിട്ടത്. ഒക്ടോബർ 15-ന് സാക്ഷി വിസ്താരം ആരംഭിച്ച് 17 ദിവസത്തിനകം പൂർത്തിയാക്കാനും, ഡിസംബർ 6-നകം വിചാരണ നടപടികൾ അവസാനിപ്പിക്കാനുമാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 15 പ്രതികളുടെ വിചാരണയാണ് നടക്കുന്നത്. വിചാരണ നടപടികൾ വൈകിപ്പിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിൽ വെച്ച് ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് അഭിമന്യു കൊല്ലപ്പെടുന്നത്. എസ്.എഫ്.ഐ - ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.
