Zygo-Ad

ബ്രെൻഡ് ക്രൂഡ് വില ബാരലിന് 107 ഡോളർ കടന്നു: രാജ്യത്ത് ഇന്ധനവില വർധിക്കുമെന്ന് ആശങ്ക


ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വൻ കുതിച്ചുചാട്ടം. ഇന്ത്യ പ്രധാനമായും ഇറക്കുമതിക്കായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില ബാരലിന് 107 ഡോളർ കടന്നു. ഒറ്റദിവസം കൊണ്ട് എണ്ണവിലയിൽ മൂന്ന് ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ എണ്ണ ഇറക്കുമതിയെ വലിയതോതിൽ ആശ്രയിക്കുന്ന ഇന്ത്യയിൽ വൈകാതെ ഇന്ധനവില വർധിപ്പിച്ചേക്കുമെന്ന ആശങ്ക ശക്തമായി.

പശ്ചിമേഷ്യയിൽ തുടരുന്ന രൂക്ഷമായ രാഷ്ട്രീയ അസ്ഥിരതയും അമേരിക്ക - ഇറാൻ സംഘർഷങ്ങളുമാണ് എണ്ണവില കുതിച്ചുയരാൻ പ്രധാന കാരണം. കൂടാതെ സൗദി അറേബ്യയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളും ആഗോള എണ്ണ വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിന് പകരം ചെങ്കടൽ വഴി സൗദി അറേബ്യ നടത്തിയിരുന്ന എണ്ണ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കിഴക്ക് - പടിഞ്ഞാറ് എണ്ണ പൈപ്പ് ലൈനിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ തകരാർ സംഭവിച്ചതാണ് വിതരണം അടിയന്തരമായി നിർത്തിവെക്കാൻ കാരണം. എണ്ണ ലഭ്യതയിൽ പെട്ടെന്നുണ്ടായ കുറവാണ് വിപണിയിൽ വില ഉയരാൻ ഇടയാക്കിയതെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.



വളരെ പുതിയ വളരെ പഴയ