Zygo-Ad

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു: രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കാൻ നിർദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയും സൂര്യാഘാത സാധ്യതയും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി.

വേനൽച്ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ നിർമ്മാണ തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ, ഇരുചക്രവാഹന യാത്രക്കാർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം. നിർജ്ജലീകരണവും സൂര്യാഘാതവും ഒഴിവാക്കാൻ നിർബന്ധമായും ധാരാളം വെള്ളം കുടിക്കണമെന്നും, നേരിട്ട് വെയിലടിക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം പുനഃക്രമീകരിക്കണമെന്നും നിർദേശമുണ്ട്.

ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കാനും, കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ പരുത്തി വസ്ത്രങ്ങൾ ധരിക്കാനും ആരോഗ്യവകുപ്പും അഭ്യർത്ഥിച്ചു. കുട്ടികൾ, ഗർഭിണികൾ, വയോധികർ, മറ്റ് രോഗബാധിതർ എന്നിവർ ഉച്ചവെയിലിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.



വളരെ പുതിയ വളരെ പഴയ