Zygo-Ad

സി.പി.എം സംസ്ഥാന സമ്മേളന കണക്ക് അവതരിപ്പിച്ചിട്ടില്ല: പാർട്ടിയിൽ വിവാദം പുകയുന്നു



കണ്ണൂർ: സി.പി.എം സംസ്ഥാന സമ്മേളനം കഴിഞ്ഞ് ഒന്നരവർഷം പിന്നിട്ടിട്ടും വരവുചെലവ് കണക്കുകൾ അവതരിപ്പിക്കാത്തതിനെ ചൊല്ലി പാർട്ടിയിൽ പുതിയ വിവാദം പുകയുന്നു. 2025 മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന്റെ ഫണ്ട് വിനിയോഗത്തെക്കുറിച്ചാണ് പാർട്ടി അണികൾക്കിടയിൽ അമർഷം പുകയുന്നത്. സമ്മേളനം കഴിഞ്ഞ് മാസങ്ങൾക്കകം സ്വാഗതസംഘം വിളിച്ച് കണക്ക് റിപ്പോർട്ട് ചെയ്യുന്ന പരമ്പരാഗത രീതി ലംഘിക്കപ്പെട്ടുവെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

സമ്മേളന ആവശ്യങ്ങൾക്കായി പിരിച്ചെടുത്ത തുകയിൽ മിച്ചംവന്ന ലക്ഷക്കണക്കിന് രൂപ ജില്ലയിലെ മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റി വിനിയോഗിച്ചതായി ആരോപണമുണ്ട്. പാർട്ടി അംഗങ്ങളുടെ വീടുകളിൽ ഹുണ്ടിക സ്ഥാപിച്ചും അനുഭാവികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിരിവെടുത്തുമാണ് ഫണ്ട് സമാഹരിച്ചത്. ഏകദേശം 5.5 കോടി രൂപയോളം പിരിച്ചെടുത്തതായാണ് വിവരം. സമ്മേളനം അവസാനിച്ചതിന് പിന്നാലെ വിവിധ സബ് കമ്മിറ്റികൾ വൗച്ചറുകൾ സഹിതം കണക്കുകൾ നേതൃത്വത്തിന് കൈമാറിയിരുന്നു.

ഫണ്ടിൽ 65 ലക്ഷത്തോളം രൂപ മിച്ചമുണ്ടെന്ന ഏകദേശ വിവരമല്ലാതെ കൃത്യമായ അന്തിമ കണക്ക് അവതരിപ്പിക്കാൻ നേതൃത്വത്തിനായിട്ടില്ല. പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട്, പാർട്ടി മന്ദിര നിർമ്മാണ ഫണ്ട് തിരിമറികൾക്ക് പിന്നാലെ സംസ്ഥാന സമ്മേളന ഫണ്ടിലും സുതാര്യതയില്ലെന്ന ആരോപണം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാൽ സ്വാഗതസംഘം സെക്രട്ടറിയുടെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് കണക്ക് അവതരണം വൈകിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.



വളരെ പുതിയ വളരെ പഴയ