Zygo-Ad

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റ സംഭവം: കോളജ് വിദ്യാർത്ഥി അറസ്റ്റിൽ


കൊച്ചി: കോളജ് അധ്യാപകരുടെയും സഹപാഠികളായ വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി ടെലഗ്രാം വഴി വിറ്റ സംഭവത്തിൽ ബി.ബി.എ വിദ്യാർത്ഥി അറസ്റ്റിൽ. തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ശ്രീഹരിയെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.

കോളജ് പരിപാടികൾക്കിടെ പകർത്തിയ വീഡിയോകളിൽ നിന്നും ചിത്രങ്ങളിൽ നിന്നുമാണ് ഇയാൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ ശേഖരിച്ചത്. തുടർന്ന് ടെലഗ്രാം ബോട്ടുകൾ ഉപയോഗിച്ച് ഇവ മോർഫ് ചെയ്യുകയും പ്രത്യേക ഗ്രൂപ്പുകൾ വഴി പണത്തിന് വിൽക്കുകയുമായിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ച പോലീസിന് വിദ്യാർത്ഥിനികളുടെ ഹോസ്റ്റൽ മുറി ദൃശ്യങ്ങളും ഡിജിറ്റൽ പണമിടപാടിന്റെ രേഖകളും ലഭിച്ചു.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ കോളജിൽ നിന്നും പുറത്താക്കി. കെ.എസ്.യു യൂണിറ്റ് മീഡിയ കോ-ഓർഡിനേറ്ററായിരുന്ന ശ്രീഹരിയെ കുറ്റകൃത്യം പുറത്തുവന്നതോടെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഭാരവാഹികൾ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ