കരിപ്പൂർ: ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 2027-ലെ ഹജ്ജ് തീർഥാടനത്തിനായുള്ള വിമാന സർവീസുകൾ ഏപ്രിൽ എട്ട് മുതൽ ആരംഭിക്കും. മെയ് ഒൻപതിനകം 1.23 ലക്ഷം തീർഥാടകരെ സൗദി അറേബ്യയിൽ എത്തിക്കുന്നതിനായി വിമാനക്കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. കേരളത്തിൽ നിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ വിമാനത്താവളങ്ങളാണ് ഇത്തവണയും എംബാർക്കേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുക. എന്നാൽ കോഴിക്കോട്ട് നിന്നും വലിയ വിമാന സർവീസുകൾ ഉണ്ടായിരിക്കില്ല.
തീർഥാടനം പൂർത്തിയാക്കിയുള്ള മടക്കയാത്ര മെയ് 21 മുതൽ ജൂൺ 20 വരെയായിരിക്കും. സാധാരണ രീതിയിൽ 35 മുതൽ 45 ദിവസം വരെയാണ് തീർഥാടകർക്ക് സൗദിയിൽ താമസസൗകര്യം ലഭിക്കുക. 20 ദിവസത്തെ 'ഷോർട് ഹജ്ജ് പാക്കേജിൽ' ഉൾപ്പെട്ടവരുടെ യാത്രാ തീയതി പിന്നീട് പ്രഖ്യാപിക്കും. കേരളത്തിൽ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് ഷോർട് ഹജ്ജ് പാക്കേജിലേക്ക് സർവീസുകൾ ഉള്ളത്.
