തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കും. യു.ഡി.എഫ്. സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം ഫലത്തിനായി കാത്തിരിക്കുന്നത്. 38 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 58.82 ശതമാനമാണ് അന്തിമ പോളിംഗ്.
ആകെ 3,09,713 വോട്ടർമാരിൽ 1.82 ലക്ഷത്തോളം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 126 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിങ്ങനെ ആകെ 38 വാർഡുകളിലാണ് വോട്ടെടുപ്പ് നടന്നത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ, കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം, പാലക്കാട് ജില്ലാ പഞ്ചായത്ത് പല്ലശ്ശന, കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ എന്നീ വാർഡുകളിലെ പോരാട്ടം ഏറെ ശ്രദ്ധേയമാണ്. ഭരണസമവാക്യങ്ങളിൽ നിർണ്ണായകമായ തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡിലെ ഫലവും ഏറെ ഉറ്റുനോക്കപ്പെടുന്നു.
