തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട രീതിയിൽ നേരിയ മഴയ്ക്കാണ് നിലവിൽ സാധ്യത പ്രവചിച്ചിരിക്കുന്നത്. ഏതെങ്കിലും ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.
മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റട വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനോ ചില്ലകൾ ഒടിഞ്ഞുവീഴാനോ സാധ്യതയുള്ളതിനാൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം.
കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരപ്രദേശങ്ങളിൽ നാളെ രാത്രി 8.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
