Zygo-Ad

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി കട്ടിലിൽ നിന്ന് വീണ് മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി കട്ടിലിൽ നിന്ന് വീണ് മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി സുകുമാരപിള്ള (87) ആണ് മരിച്ചത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ കടുത്ത ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തി.

പക്ഷാഘാതത്തെ തുടർന്ന് ഈ മാസം 26-നാണ് സുകുമാരപിള്ളയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. തുടർന്ന് 29-ാം തീയതി വാർഡിലെ കട്ടിലിൽ നിന്ന് വീണ് ഇദ്ദേഹത്തിന്റെ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു. വീണ്ടും സ്ട്രോക്ക് വരാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും സേഫ്റ്റി റെയിലിങ് ഉള്ള ബെഡ് നൽകിയില്ലെന്നും വീഴ്ചയ്ക്ക് ശേഷം ഐ.സി.യുവിലേക്ക് മാറ്റാൻ തയ്യാറായില്ലെന്നുമാണ് മകൾ മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ ചികിത്സയിൽ അനാസ്ഥയുണ്ടായെന്ന ആരോപണം മെഡിക്കൽ കോളജ് സൂപ്രണ്ട് തള്ളി. 28-ാം വാർഡിൽ സേഫ്റ്റി റെയിലിങ് ഉള്ള ബെഡ് ഇല്ലാത്തതിനാലാണ് സിംഗിൾ ബെഡ് നൽകിയതെന്നും രോഗിയുടെ കൂടെ നിൽക്കാൻ രണ്ട് ബന്ധുക്കൾക്ക് അനുമതി നൽകിയിരുന്നുവെന്നും സൂപ്രണ്ട് വിശദീകരിച്ചു. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



വളരെ പുതിയ വളരെ പഴയ