വിശാഖപട്ടണം: ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപികയുടെ മർദനമേറ്റ ആറുവയസ്സുകാരൻ സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം വൺ ടൗൺ മേഖലയിലെ ലിറ്റിൽ ഗാർഡൻ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയായ പ്രണവ് തേജയാണ് മരിച്ചത്. സ്കൂളിൽ കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതിനെ തുടർന്നാണ് കുട്ടി കുഴഞ്ഞുവീണതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അധ്യാപിക മർദിക്കുമ്പോൾ കുട്ടി കൈകൾ കൊണ്ട് തടയാൻ ശ്രമിക്കുന്നതും കരയുന്നതും ദൃശ്യങ്ങളിൽ കാണാം.
രാവിലെ പൂർണ ആരോഗ്യവാനായാണ് മകൻ സ്കൂളിലേക്ക് പോയതെന്നും പരീക്ഷ അടുത്തിരുന്നതിനാൽ കുട്ടി തന്നെയാണ് സ്കൂളിൽ പോകാൻ നിർബന്ധം പിടിച്ചതെന്നും പിതാവ് പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് വിവരം ലഭിച്ചതെന്നും സ്കൂൾ അധികൃതർ നേരിട്ട് അറിയിച്ചില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
