വയനാട്: വരുന്ന അവധി ദിനങ്ങളിൽ താമരശ്ശേരി ചുരത്തിലും മുത്തങ്ങയിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഗുണ്ടൽപേട്ട്, മുത്തങ്ങ മേഖലകളിലെ പൂകൃഷിയും മുന്തിരിത്തോട്ടങ്ങളും സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഉയർന്നതാണ് ഗതാഗത തടസ്സത്തിന് കാരണമാകുന്നത്. വരുംദിവസങ്ങളിൽ കോഴിക്കോട് - കൊല്ലഗൽ ദേശീയപാത 766-ൽ കിലോമീറ്ററുകളോളം നീളുന്ന വാഹനനിര രൂപപ്പെടാൻ സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചകളിലും അർദ്ധരാത്രി വരെ നീളുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് താമരശ്ശേരി ചുരത്തിലും മുത്തങ്ങ വനമേഖലയിലും അനുഭവപ്പെട്ടത്. വനമേഖലയിലൂടെയുള്ള രാത്രികാല യാത്രാ നിരോധനത്തിന്റെ ഭാഗമായി രാത്രി 9 മണിക്ക് മുത്തങ്ങ ചെക്ക്പോസ്റ്റ് അടയ്ക്കുകയും രാവിലെ 6 മണിക്ക് മാത്രമാണ് വീണ്ടും തുറക്കുകയും ചെയ്യുന്നത്. യാത്രക്കാർ ഈ സമയക്രമം കൃത്യമായി പാലിക്കേണ്ടതുണ്ട്.
യാത്ര പ്ലാൻ ചെയ്യുന്നവർ സമയം മുൻകൂട്ടി ക്രമീകരിച്ച് നേരത്തെ യാത്ര തിരിക്കേണ്ടതാണ്. വാഹനങ്ങളിൽ ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കുടിവെള്ളവും കരുതണം. വനമേഖലയിലും ചുരത്തിലും അനാവശ്യമായ ഓവർടേക്കിങ് ഒഴിവാക്കി ലെയിൻ ട്രാഫിക് കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
