തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം കാണാൻ നിർണായക ചുവടുവെപ്പുമായി വൈദ്യുതി വകുപ്പും കെ.എസ്.ഇ.ബിയും. സംസ്ഥാനത്തെ 50 സബ്സ്റ്റേഷനുകളിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കുന്നതിനായി 1,500 കോടി രൂപയുടെ പ്രൊപ്പോസൽ കെ.എസ്.ഇ.ബി സർക്കാരിന് സമർപ്പിച്ചു.
നിലവിൽ പുറത്തുനിന്ന് ഉയർന്ന വില കൊടുത്ത് വാങ്ങുന്ന വൈദ്യുതി വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ ആലോചന. പകൽ സമയങ്ങളിലെ അധിക വൈദ്യുതി സംഭരിച്ച് വെച്ച് പീക്ക് സമയങ്ങളിൽ വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആകെ 1,000 മെഗാവാട്ട് ശേഷിയുള്ള വലിയ ബാറ്ററി സ്റ്റോറേജ് സംവിധാനമാണ് സ്ഥാപിക്കുക. നിലവിൽ ആറിടങ്ങളിൽ പ്രാരംഭഘട്ടമെന്ന നിലയിൽ ബി.ഇ.എസ്.എസ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ട്രാൻസ്മിഷൻ ശൃംഖല കൂടുതൽ ശക്തമാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പദ്ധതിക്കായി വയബിലിറ്റി ഗാപ് ഫണ്ടിങ് (VGF) വഴി കേന്ദ്രത്തിൽ നിന്ന് സാമ്പത്തിക സഹായം ഉറപ്പാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
