സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയർന്നിട്ടും അടിയന്തര നടപടികളെടുക്കാതെ സംസ്ഥാന സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നതായി പരാതി. ഓണക്കാലം അടുത്തെത്തി നിൽക്കെ വിപണിയിൽ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകൾ ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഓണം കഴിയുന്നതുവരെ ഇനി വില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.
സവാള കിലോയ്ക്ക് 40 രൂപയും ക്യാരറ്റിന് 80 രൂപയും ബീൻസിന് 100 രൂപയുമാണ് നിലവിലെ വിപണി വില. ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ വില 200 രൂപയും കടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 8 രൂപ മുതൽ 40 രൂപ വരെയാണ് വിവിധ പച്ചക്കറികൾക്ക് വർധിച്ചത്.
കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതാണ് വിലവർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മുൻകാലങ്ങളിൽ സമാനമായ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സർക്കാർ വിപണിയിൽ കാര്യക്ഷമമായി ഇടപെട്ട് വില നിയന്ത്രിച്ചിരുന്നു. എന്നാൽ ഇത്തവണ അത്തരം യാതൊരു ഇടപെടലുകളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് വ്യാപാരികളും സമ്മതിക്കുന്നു.
ഓണം അടുത്തെത്തുന്നതോടെ പച്ചക്കറി വില ഇനിയും ഉയരുമെന്ന ആശങ്കയിലാണ് സാധാരണക്കാർ.
