Zygo-Ad

എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി.


തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനുമുള്ള കാലതാമസം ഒഴിവാക്കി 15 ദിവസത്തിനകം വിതരണം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർദ്ദേശം നൽകി. സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വൈകുന്നുവെന്ന പരാതികളെ തുടർന്ന് പരീക്ഷാ ഭവനിൽ മന്ത്രി മിന്നൽ പരിശോധന നടത്തുകയായിരുന്നു. അപേക്ഷകരുടെ പരാതികൾ നേരിട്ട് കേട്ടറിഞ്ഞ ശേഷമാണ് മന്ത്രി അടിയന്തര നടപടികൾക്ക് ഉത്തരവിട്ടത്.


സർട്ടിഫിക്കറ്റുകളിലെ തിരുത്തലുകൾക്കും ഡ്യൂപ്ലിക്കേറ്റിനുമായി രണ്ടു മുതൽ മൂന്ന് മാസം വരെ കാലതാമസം നേരിടുന്നുണ്ടെന്ന് മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടു. ഡ്യൂപ്ലിക്കേറ്റുകളിലെ വിവരങ്ങൾ നേരിട്ട് സ്കൂളുകളിൽ പോയി തിരുത്തി വരുന്നത് മൂലമാണ് നിലവിൽ വൈകുന്നതെന്ന് ജീവനക്കാർ മന്ത്രിയെ അറിയിച്ചു. ഈ രീതിക്ക് കാലാനുസൃതമായ മാറ്റം വരുത്താൻ മന്ത്രി നിർദ്ദേശിച്ചു.

പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പരീക്ഷാ ഭവനിലേക്ക് അടിയന്തരമായി 60 ലാപ്ടോപ്പുകൾ അനുവദിച്ചതായി മന്ത്രി അറിയിച്ചു. അപേക്ഷ ലഭിച്ചാൽ 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നൽകണം. പരീക്ഷാ ഭവൻ റിസപ്ഷനിലെ ഫോണുകൾ എടുക്കുന്നില്ലെന്ന പരാതി പരിഹരിക്കാൻ റിസപ്ഷനിലും സൂപ്രണ്ടുമാർക്കും മൊബൈൽ ഫോൺ സൗകര്യം ഉറപ്പാക്കാനും ആൾത്തിരക്ക് ഒഴിവാക്കാൻ കൗണ്ടറുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാനും മന്ത്രി നിർദ്ദേശം നൽകി.

ഈ നടപടികൾ പരീക്ഷാ ഭവൻ ജോയിന്റ് കമ്മീഷണർ നിരീക്ഷിച്ച് റിപ്പോർട്ട് നൽകണമെന്നും, വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ