ന്യൂഡൽഹി: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെയും ബന്ധുക്കളെയും വീട്ടിൽ നിന്നും സ്വത്തുക്കളിൽ നിന്നും ഒഴിപ്പിക്കാൻ വയോജന ട്രൈബ്യൂണലുകൾക്ക് പൂർണ്ണ അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമായി വിധിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്.
2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കൽ നിയമ പ്രകാരമാണ് ട്രൈബ്യൂണലുകൾ പ്രവർത്തിക്കുന്നത്. പ്രായമേറുന്നത് വയോജനങ്ങൾക്ക് അവഗണനയ്ക്കോ അരക്ഷിതാവസ്ഥയ്ക്കോ കാരണമാകരുതെന്നും ഭരണഘടന നൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം മുൻനിർത്തി വേണം നിയമങ്ങളെ വ്യാ ഖ്യാനിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
എൺപത്തിയൊന്നുകാരിയായ അമ്മയെ വീട്ടിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ച മകനെയും മരുമകളെയും ഒഴിപ്പിക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നൽകിയ ഉത്തരവ് റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധി തള്ളിക്കളഞ്ഞാണ് സുപ്രീം കോടതി ട്രൈബ്യൂണലിന്റെ ഉത്തരവ് പുനഃസ്ഥാപിച്ചത്.
