തിരുവനന്തപുരം: ഇത്തവണത്തെ ഓണം വിപണിയിൽ 422.17 കോടി രൂപയുടെ സർവകാല റെക്കോഡ് വിറ്റുവരവ് നേടി സപ്ലൈകോ. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ വിറ്റുവരവാണിത്.
ഇതിൽ 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും 268.89 കോടി രൂപ നോൺ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭ്യമായത്. 2025-ലെ ഓണക്കാലത്ത് 385.42 കോടി രൂപയായിരുന്നു ആകെയുള്ള വിറ്റുവരവ്.
13 അവശ്യ സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിക്കാതെയും ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് എന്നിവയുടെ സബ്സിഡി നിരക്ക് കുറച്ചുമാണ് സപ്ലൈകോ ജനങ്ങൾക്ക് ആശ്വാസമേകിയത്. ശബരി സബ്സിഡി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറച്ചു നൽകി. സംസ്ഥാനത്തൊട്ടാകെയുള്ള മെഗാ ട്രേഡ് ഫെയറുകളിലും അസംബ്ലി ഫെയറുകളിലുമായി 40 ലക്ഷത്തിലധികം ആളുകളാണ് ഇത്തവണ സപ്ലൈകോ വിപണിയിലെത്തിയത്.
