ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് മദ്യപസംഘം കാർ ഓടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. റാലിയിൽ പങ്കെടുത്ത കുട്ടികൾക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളെ വെൺമണി പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനുദേവ്, വെൺമണി സ്വദേശി അനുരാജ്, മെഴുവേലി സ്വദേശി അബിൻ എന്നിവരാണ് പിടിയിലായത്. അപകടസമയത്ത് ഇവർ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെൺമണി പോലീസ് കേസെടുത്ത് കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.
